Sunday, April 13, 2008


പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായ വിഷു!കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു!സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും, എല്ലാവരുമൊന്നിച്ചുള്ള സദ്യയുമെല്ലാം ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്....... മന്ദാരം കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.......വിഷു ആശംസകള്‍!!




http://www.livemusicscrap.blogspot.com/

Friday, February 15, 2008

പുതുവര്‍ഷം!...രണ്ടായിരത്തിയെട്ട്..ജാനുവരി ഒന്ന്

പുതുവര്‍ഷം!...രണ്ടായിരത്തിയെട്ട്..ജാനുവരി ഒന്ന്മഹാരാജാസ് കോളേജിനു പുറകിലൂടെ നടന്നു വരുമ്പോള്‍.....പല ചിന്തകളായിരുന്നു മനസ്സില്‍....ഇന്നും വളരെ വൈകിയിരിക്കുന്നു...കാല്‍ വലിച്ച്നീട്ടി നടന്നു..


ജി.ഓഡിറ്റോറിയത്തിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടം!ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക് ഞാനും കടന്നു ചെന്നു...റോഡില്‍ ഒരു വൃദ്ധന്‍ വീണു കിടക്കുന്നു..കൈകാലുകള്‍ ഇട്ടടിക്കുന്നുണ്ട്..അപസ്മാരത്തിന്റേതാവാംപലരും ഒരുകാഴ്ച്ച കാണാന്‍ വന്നതു പോലെ ...അയാളുടെ കൈയില്‍ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ നോട്ടുകള്‍..തറയില്‍ വീണുകിടക്കുന്ന നാണയത്തുട്ടുകള്‍ദേഹമാകെ പഴുപ്പൊലിക്കുന്ന വൃണങ്ങള്‍!നെഞ്ചിനു താഴെ മുന്‍പെങ്ങോ വലിയൊരു സര്‍ജറി നടത്തിയതിന്റെ തുന്നല്‍ പാടുകള്‍...


ആരും അയാളെ ഒനെടുത്തുയര്‍ത്തനോ..ഒരുതുള്ളി വെള്ളം കൊടുക്കാനോ..ശ്രദ്ധിക്കുന്നില്ലഞാനടുത്തേയ്ക്കു ചെന്നുരണ്ടുകൈകള്‍ കൊണ്ടും അയാളെ എഴുന്നേല്പ്പിക്കാന്‍ ശ്രമിച്ചു...അപ്പോഴേയ്ക്കും കോളേജില്‍ പഠിക്കുന്നയാളാണെന്നു തോന്നീ...എന്നെ സഹായിയ്ക്കാന്‍ വന്നു...ഞങ്ങള്‍ ആ വൃദ്ധനെ എടുത്തുയര്‍ത്തി...ഒരോട്ടോക്കാരനെ വിളിച്ചിട്ടു ആരും വരുന്നില്ല...തൊട്ടടുത്തുതന്നെയാണ്‌ ജനറല്‍ ആശുപത്രി..എന്നിട്ടും...കുറേ നേരത്തെ തര്‍ക്കത്തിനു ശേഷം ഒരാള്‍ വണ്ടിയുമായി വന്നു ഞങ്ങളയാളേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി

ആ വൃദ്ധന്റെ കണ്ണുകള്‍ അപ്പോള്‍ മറിഞ്ഞു തുടങ്ങിയിരുന്നു അയാള്‍ തന്റെ അവസാനശ്വാസം വലിക്കാന്‍ കഷ്ടപ്പെടുകയാണെന്നെനിയ്ക്കു തോന്നീ..മരണത്തിന്റെ അദൃശ്യമായ സാമീപ്യം ആ വൃദ്ധനു സമീപം അപ്പോളെത്തിയിരുന്നു...കൈകാലുകള്‍ ഒന്നു കൂടി കുടഞ്ഞുവിറച്ച് അയാള്‍ മരണത്തിന്റെ കൈപ്പിടിയിലേയ്ക്കു തെന്നി മാറി..എന്തു ചെയ്യണമെന്നറിയാതെ .....മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ആ എന്റെ സഹജീവിയുടെ പ്രാണനില്ലത്ത ശരീരവുമായി ....കടലാസുരേഖകളില്‍ ഒപ്പിട്ടു കൊടുത്ത്ആശുപത്രിയില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍..എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു....

Sunday, January 27, 2008

ഞാന്‍ പറയട്ടേ....

എന്താ അങ്ങിനെ ചോദിയ്ക്കാന്‍?.. അറിയണമെങ്കില്‍ പറയാം...പെരിയാറിന്റെ ഒരു കൈവഴിയുടെ തീരത്താണ് എണ്‍‌റെ ഗ്രാമം. ഏലൂര്‍ പഞ്ചായത്തില്‍ കുറ്റിക്കാട്ടുകര എന്നൊരു സ്ഥലമുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാമിവിടെയാണ്. ഓര്‍മ്മകളിലെ കുട്ടിക്കാലം എന്നും സുഖവും, ദു:ഖവും തന്നിരുന്നു. സമ്പന്നതയുടെ മടിത്തട്ടിലല്ല ജനിച്ചത്. ഒരു സാധാരണ കുടുംബം...അതിനാല്‍ സഹജീവികളുടെ ദു:ഖം എന്നും കണ്ണിണകള്‍ ഈറനണിയിച്ചിരുന്നു...

ചെറുപ്രായത്തില്‍ ഞാനൊരു മരമണ്ടനായിരുന്നു. അന്നു ചെയ്ത മണ്ടത്തരങ്ങള്‍ കണ്ട് ഞാന്‍ വലിയൊരു മരമണ്ടനാവും എന്നു പ്രവചിച്ച് പ്രവാചകരായവര്‍ തന്നെയുണ്ട്.

ഒരിയ്ക്കല്‍ ഞാന്‍ മൂന്നില്‍ പഠിയ്ക്കുമ്പോള്‍ പരീക്ഷ സമയം....

അന്നു മലയാളമാണ് എക്സാം. ഒരു ബഞ്ചില്‍ മൂന്നു പേരാണ്. ഞാന്‍ നടുവില്‍. പേപ്പറുകള്‍ കൂടുതല്‍ വാങ്ങി എഴുതുന്നവനാണ് മിടുക്കന്‍ എന്ന ഭാവത്തില്‍ ഞാന്‍ എഴുതി തകര്‍ത്തുകൊണ്ടിരിയ്ക്കുകയാണ്. ഞാനൊന്നു ചെരിഞ്ഞു നോക്കിയപ്പോല്‍ അടുത്തിരിയ്ക്കുന്നവന്‍ പേപ്പറില്‍ കാര്യമായൊന്നും എഴുതുന്നില്ല. തന്നെയുമല്ല പേപ്പറില്‍ പെന്‍സിലു കൊണ്ട് തകൃതിയായ കുത്തിവരയും. എന്നില്‍ ആത്മരോഷമുണര്‍ന്നു...ശ്ശെടാ..ഇവനൊന്നും നന്നാവില്ലന്നു കരുതിവന്നതാണോ...? ഞാന്‍ ക്ലാസ്സിലുള്ള സാറിനെ വിളിച്ചു കാണിച്ചുകൊടുത്തു അവന്റെ പരീക്ഷ എഴുത്ത്. സാറു വന്നു നോക്കിയപ്പോ അവനു യാതൊരു കൂസലുമില്ല. അവന്‍ വര തന്നെ വര..ഞാന്‍ കരുതി ഇന്നവനു നല്ല ചീത്ത കേള്‍ക്കും തീര്‍ച്ച... പക്ഷേ സാറു തിരിഞ്ഞു നടന്നു എന്‍‌റരുകില്‍ വന്നു...പിന്നെ മൊഴിഞ്ഞു... “എടോ അവനവനെഴുതാനുള്ളത് എഴുത് മണ്ടത്തരമെഴുന്നള്ളിയ്ക്കാതെ...” ഞാന്‍ ഇരുന്നുരുകി...

പതിവില്ലാതെ വേഗം എഴുതി തീര്‍ത്ത് പുറത്തേയ്ക്കു നടക്കുമ്പോല്‍ ഞാനോര്‍ത്തു.. നല്ലതു ചെയ്താല്‍ കിട്ടുന്ന ഫലം ഇതായിരിയ്ക്കും...പെട്ടെന്ന് ഒരാള്‍ എന്നെ വിളിച്ചു ..ഞാന്‍ ചമ്മലോടെ അടുത്തേയ്ക്കു ചെന്നു. അടുത്തിരുന്നു പരീക്ഷ എഴുതിയ മഹാനായിരുന്നു എന്നെ വിളിച്ചത്.. എന്താ? ഞാന്‍ മുരടനക്കി. അപ്പോഴാണ് പറയുന്നത് ഏഴില്‍ പഠിയ്ക്കുന്ന ആ കുട്ടി എഴുതിക്കൊണ്ടിരുന്നത് ജീവശാസ്ത്രം പരീക്ഷയായിരുന്നെന്നും അതില്‍ മനുഷ്യന്‍‌റെ ആന്തരീകഭാഗങ്ങള്‍ വരയ്ക്കുകയായിരുന്നെന്നും....

ഞാന്‍ അധികം വിശദീകയ്ക്കുന്നില്ല.... ഡ്രാക്കുളയുടെ കഥകളടങ്ങിയ കൂറ്റന്‍ ഗ്രന്ഥം ഊണുമുറക്കവുമില്ലാതെ വായിച്ച് രാത്രി മൂത്രമൊഴിയ്ക്കാന്‍ പോലും പുറത്തുപോകാന്‍ പേടിച്ചുവിറച്ചിരുന്ന ഞാന്‍ വായനാശാലയിലെ ബഞ്ചിലും, പള്ളിപ്പടിയിലെ ശ്മശാനത്തിനരുകിലും അപൂര്‍വ്വം ചില കൂട്ടുകാരോടൊത്തു പുകവലിയ്ക്കുവാനും, അല്പം സേവ നടത്തുവാനും താല്പര്യം കാട്ടിത്തുടങ്ങി.

ആയിടയ്ക്കാണ് നാടുവിട്ടുപോയ മുരളി എന്ന കൂട്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഞങ്ങളുടെ വായാനാശാല മുരളിയ്ക്ക് ഒരൌദ്യോഗീക സ്വീകരണം തന്നെ കൊടുത്തു. നല്ലചാരായം കുടിച്ചു മത്തായ അവന്‍ തന്റെ തന്റെ യാത്രയിലെ വീരകഥകള്‍ പരഞ്ഞ് ഞങ്ങളെ കൊരിത്തരിപ്പിയ്ക്കുവാന്‍ തുടങ്ങി. മദിരാശിയിലെ ഏതോ ഒരു ചായക്കടയിലെ മുതലാളിയെ പലഹാരങ്ങള്‍ ക്കോരിയെടുക്കുന്ന കണ്ണാപ്പയ്ക്കടിച്ച് താഴെയിട്ട കഥയുള്‍പ്പടെ പലതും പറഞ്ഞ് അവന്‍ ഒരു വീരേതിഹാസനായകനാവുന്നത് എന്നിലെ നായകന് സഹിയ്ക്കുന്നതിലുമപ്പുറമായിരുന്നു. യാതൊരാവശ്യവുമില്ലാതെ നാടുവിടുക എന്ന ചിന്ത എന്നില്‍ തല്ലിയൊതുക്കാവുന്നതിലധികം വളര്‍ന്നുകഴിഞ്ഞു. ഞാന്‍ മുരളിയുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തി കാര്യങ്ങള്‍ ചൊദിച്ചു മനസ്സിലാക്കിക്കൊണ്ടിരുന്നു. നാടുവിട്ടു പോവുകയാണെങ്കില്‍ അത് എങ്ങോട്ടുവേണമെന്നതായിരുന്നു ആദ്യ സംശയം. അവനു മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. മദിരാശി..! അതിലപ്പുറം പറയാന്‍ വേറൊരു സ്ഥലവും അവനും കണ്ടിട്ടില്ല.

മുരളി പാവമാണ് അന്നും ഇന്നും... രണ്ടാനമ്മയുടേ തെറിവിളിയും കുടിച്ചുവന്നുകയറുന്ന അഛ്ചന്റെ തല്ലും സഹിയ്ക്ക വയ്യാതായപ്പോഴാണ് അവന്‍ നാലുകൊല്ലം മുമ്പ് ഈ നാടുപേക്ഷിച്ചുപോയത്. തിരിച്ചുവന്നപ്പോഴേയ്ക്കും അവനില്‍ പൌരുഷത്തിന്റെ മേല്‍മീശ നന്നായി വളര്‍ന്നുകഴിഞ്ഞിരുന്നു. തന്നെയുമല്ല..അവന്റെ ഭാഷയില്‍ “എവടെ ചെന്നാലും ഞാന്‍ പട്ടിണി കിടക്കേണ്ടി വരില്ലടാ..ഇവിടേ കാശുള്ളവന്‍ ബെല്‍ഡിംഗ് പണിയുന്നുണ്ടോ മുരളി ജീവിയ്ക്കും..നല്ല അന്തസ്സായിട്ട്.” അപ്പോഴേയ്ക്കും നല്ലൊരു വാര്‍ക്കപ്പണിക്കാരനായി മാറിയിരുന്നു അവന്‍. അവന്‍ പറഞ്ഞതു നേരായിരുന്നു...ദന്തഗോപുരങ്ങള്‍ പണിതുകൂട്ടുന്ന റിയലെസ്റ്റേറ്റ് മുതലാളിമാര്‍ ഇന്നും വീടിന്റെ പുറം സിമന്റു തേച്ചിട്ടില്ലാത്ത മുരളിമാര്‍ക്ക് അന്നം കൊടുത്തുകൊണ്ടിരിയ്ക്കുന്നു. രക്തം വിയര്‍പ്പാക്കി പണിയെടുത്ത് അവര്‍ ആര്‍ക്കൊക്കെയോ വേണ്ടി കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നു....വിരാമമില്ലാതെ...

ഇവിടെ അതല്ല പ്രശ്നം ഞാന്‍ എന്തിനു നാടുവിടണം?.. യാതൊരാവശ്യവുമില്ല!. ഭക്ഷണത്തിനു ഭക്ഷണം.. ഇപ്പോഴാണെങ്കില്‍ തോന്നിയ സമയത്തു വീട്ടില്‍കയറാം ഇറങ്ങാം അഛ്ചന്റെ കണ്ണു വെട്ടിച്ചാണേലും അത്യാവശ്യകാര്യങ്ങള്‍ക്ക് ധനസഹായം അമ്മതരും. തൊടുപുഴയിലെ പഠനംകൂടി കഴിഞ്ഞപ്പോള്‍ ഈ ഇരുപതുവയസ്സുകാരന്‍് തല്‍ക്കാലം ഇവിടെ യാതൊന്നും ചെയ്യാനില്ലെന്ന തോന്നല്‍ ശക്തമായി. അല്പനാള്‍ ഇവിടം വിട്ടുനില്‍ക്കാം. തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ നാടുവിട്ടുപോകല്‍ എന്ന സ്വപ്നത്തിനു സാക്ഷാല്‍ക്കാരമായി. പോകാനുള്ള പണമൊക്കെ ഒപ്പിച്ച് എറണാകുളം സൌത്ത്‌റെയില്‍‌വേസ്റ്റേഷ്നിലെത്തി . മദ്രാസിലേയ്ക്കുള്ള ടിക്കറ്റെടുത്തു. അധികം ട്രെയിന്‍ യാത്ര ചെയ്തിട്ടില്ലാത്ത ഞാന്‍ ആയാത്ര ആദ്യമായ് നാടുവിടുന്നവന്റെ ഭയാശങ്കകള്‍ക്കുമിടയില്‍ നന്നായി ആസ്വദിച്ചു. ട്രെയിനിലെ ചായയും, ചിലസ്റ്റേഷനുകളില്‍ കിട്ടുന്ന ഭക്ഷണവും കഴിച്ച് ഞാന്‍ മദ്രാസ് സെണ്ട്രലില്‍ എത്തി. സമയം ഏകദേശം പുലര്‍ച്ചേ ആറ് ആറരയായിക്കാണും. അത്യാവശ്യം വേണ്ട ചില സാമഗ്രികളടങ്ങിയ എന്റെ ബാഗും കൈയിലെടുത്ത് ഞാന്‍ സ്റ്റേഷനു പുറത്തേയ്ക്കുനടന്നു. കൂടെ മുരളിയുടെ ഉപദേശങ്ങളും എന്റൊപ്പം ഉണ്ടായിരുന്നു . മദിരാശിയില്‍ വന്നിറങ്ങുന്ന എതൊരു യാത്രക്കാരനേയും പോലെ ഞാനും തിരക്കില്‍ നടന്നു നീങ്ങി... യാതൊരു തിരക്കുമില്ലാതിരുന്നിട്ടും.... കൂടെകൂടിയ റിക്ഷാവണ്ടിക്കാരെ ഒരുവിധത്തില്‍ ഒഴിവാക്കി നീങ്ങുമ്പോള്‍ എവിടെനിന്നു തുടങ്ങണം എന്ന ചോദ്യമായിരുന്നു എന്റ്റെ മുമ്പില്‍?

കൈയില്‍ അത്യാവശ്യം പണം ഉണ്ടായിരുന്നതിനാല്‍ ആദ്യം കാഴ്ചകള്‍ കാണാന്‍ മനസ്സു വെമ്പി.. കേട്ടുകൊതിച്ച മറീനാബീച്ചും, ഗോള്‍ഡന്‍ ബീച്ചും, എ.വി.എം സ്റ്റുഡിയോയും, വടപളനിയും,ഒക്കെ കാണണമെന്നു തീരുമാനമാക്കി. പിന്നെ കൈയില്‍ നീ ചിത്രം വരച്ചു ജീവിച്ചോടാ എന്നു പറഞ്ഞുതന്ന സര്‍റ്റിഫിക്കേറ്റുകളുമുണ്ടല്ലോ എവിടെയെങ്കിലും കയറിക്കൂടാമല്ലോ എന്നചിന്തയും ധൈര്യം കൂട്ടി. പലപ്പോഴും വീടിനേക്കുറിച്ചും, അമ്മയേകുറിച്ചുമെല്ലാം ചിന്തകള്‍ കയറിവന്നു.. ആകെ മനസ്സിനൊരു വിഷമം. ഞാന്‍ അങ്ങിനെ അധികം വീടുവിട്ടു താമസിച്ചിട്ടില്ല.

എന്തിനധികം.! അണ്ണാനഗര്‍ റൌണ്ടാനയ്ക്കടുത്തുള്ള ഒരു മലയാളി നടത്തുന്ന പരസ്യസ്ഥാപനത്തില്‍ ഞാന്‍ കയറിപറ്റി. താമസവും അടുത്തുതന്നെ ഏര്‍പ്പാടാക്കിത്തന്നു അദ്ദ്യേഹം. വിശദീകരിയ്ക്കാത്തത് ഇവിടെ സ്ഥലമില്ലാഞ്ഞിട്ടൊന്നുമല്ല! സമയമില്ലാഞ്ഞിട്ടുമല്ല..! മൂന്നേമൂന്നു ദിവസം മാത്രം അവിടെ നില്‍ക്കാനായുള്ളൂ. മൂന്നാമത്തെ ദിവസം രാവിലെ ഞാന്‍ ഉറക്കമുണര്‍ന്നു കണീകാണുന്നത് നാട്ടില്‍ എസ്സ്.രാമചന്ദ്രന്‍ പിള്ള (രാഷ്ട്രീയക്കാരനല്ലാട്ടോ) എന്നറിയപ്പെടുന്ന സാക്ഷാല്‍ എന്റെ അമ്മാവനേയാണ്. പരസ്യകമ്പനിയുടെ മുതലാളിയ്ക്ക് ഞാന്‍ കൊടുത്ത വിലാസത്തിലെ ഫോണ്‍ നമ്പര്‍ ഉപയൊഗിച്ച് അയാള്‍ വിളിച്ചു വരുത്തിയതാണ്. ‘ചതിയന്‍!’ ഞാന്‍ മനസ്സില്‍ പറഞ്ഞു ഞാന്‍ എന്തു പറയണം എന്നറിയാതെ കുഴങ്ങിനില്‍ക്കുന്നു. ഇത്രയും ശാന്തനായി അമ്മാവനെ ഞാനാദ്യമായാണ് കാണുന്നത്. എന്തിന്റെ പടപ്പുറപ്പാടാണാവോ എന്നു കരുതി നില്‍ക്കുമ്പോള്‍ ആ പരസ്യകമ്പനി മുതലാളി പറഞ്ഞു “മോനേ നിന്നെപ്പോലൊരുമോന്‍ എനിയ്ക്കുമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ നീ പറഞ്ഞതെല്ലാം ശരിയാണോ എന്നന്വേഷിക്കാന്‍ ഞാന്‍ മോന്‍ തന്ന നമ്പരില്‍ വിളിച്ചു. അപ്പോഴാണ്‍് മോന്‍ ആരോടും പറയാതെയാ വന്നിരിയ്ക്കുന്നെ എന്നും, അമ്മയും, അഛ്ചനും, മറ്റുള്ളവരുമൊക്കെ ആകെ വിഷമിച്ചിരിയ്ക്കുകയാണെന്നും അറിയുന്നത്. പിന്നെ മോന്റെ അമ്മാവന്‍ വരുന്നതുവരെ ഞങ്ങള്‍ കാത്തിരിയ്ക്കുകയായിരുന്നു.” അമ്മാവന്‍ അടുത്തു വന്നു പറഞ്ഞു. “നിനക്കു വേണമെങ്കില്‍ പിന്നീട് ഇവിടെ ജോലിയ്ക്കു വരാം ഇപ്പോ അവിടെ എല്ലാരും കരച്ചിലാണ്....അപ്പോ പോവാല്ലോ?” ഞാന്‍ തലയാട്ടി..

അങ്ങനെ മറീനാബീച്ചും, ഗോള്‍ഡന്‍ ബീച്ചും, എ.വി.എം സ്റ്റുഡിയോയും, വടപളനിയും ഒന്നും കാണാതെ വൈകീട്ടത്തേ ട്രെയിനില്‍ നാട്ടിലേയ്ക്കു തിരിച്ചു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്റെ വായനശാലക്കാരുടെ സ്വീകരണം എങ്ങനെയായിരിയ്ക്കും എന്നതായിരുന്നു...പിറ്റേന്നുരാവിലെ നാട്ടിലെത്തി. വീട്ടില്‍ ആരും എന്നെ വഴക്കു പറയുന്നില്ല! എല്ലാവര്‍ക്കും പതിവില്ലാത്ത സ്നേഹം! അനിയത്തി ഉച്ചയ്ക്കു ചോറുവിളമ്പുന്നതിനിടയില്‍ ചോദിച്ചു.“അണ്ണേ ഉനക്കു കത്തിരിയ്ക്കാകൊളമ്പു വേണമാ?”കത്തിക്കയറിയ കലി ഞാന്‍ കടിച്ചമര്‍ത്തി. അന്നു രാത്രി അമ്മ മുറിയില്‍ വാന്നു കുറേ കരഞ്ഞു ഞാനും. ഒരു ദിവസം എന്നെ കാണാതായാല്‍ എന്നെ ഓര്‍ക്കുന്ന ഓര്‍ത്തു വിഷമിയ്ക്കുന്ന ഒരുപാടുപേരുണ്ടിവിടെ... ഞാന്‍ ആ കമ്പനി മുതലാളിയ്ക്ക് മാപ്പുകൊടുത്തു.....

നാണക്കേടുകാരണം നാലു ദിവസം വീട്ടില്‍നിന്നും പുറത്തേയ്ക്കിറങ്ങിയില്ല. ആരു സമ്മതിയ്ക്കാന്‍...? കൂട്ടുകാര്‍ പടയായി വന്നു. അമ്മ എല്ലാവരോടും ദേഷ്യപ്പെട്ടുഅവരു കാരണമാണ് ഞാനിതൊക്കെ ചെയ്തതെന്നായിരുന്നു അമ്മയുടെ വാദം. അമ്മയ്ക്കധികം നേരം ദേഷ്യപ്പെടാനാവില്ല.... എല്ലാവര്‍ക്കും ചായയൊക്കെ കൊടുത്തു. കൂട്ടുകാര്‍ എന്നേയും കൊണ്ട് കുറച്ചു ദിവസം അര്‍മ്മാദിച്ചു. വിദേശി കുപ്പി രണ്ടു പൊട്ടി....ചിരിയും, പാട്ടും,കവിതകളും വായനാശാലയുടെ പുറകിലുള്ള മൈതാനിയില്‍ പ്രതിധ്വനിച്ചു. മുരളിയ്ക്കു നല്ല വിഷമമുണ്ടായിരുന്നു. അവന്റെ മാസ്റ്റര്‍പ്ലാനാണല്ലോ തകര്‍ന്നത്! അവനന്നു കൂടുതല്‍ അടിച്ചു.

എന്റെ വീട്ടുകാര്‍, കൂട്ടുകാര്‍, വായനശാല ഇതൊന്നുമില്ലാത്ത ഒരിടത്തേയ്ക്കുപോയ എന്നെ ഞാന്‍ തന്നെ വഴക്കു പറഞ്ഞു. അത്രയ്ക്കിഷ്ടമാണെന്റെ നാടിനെ എനിയ്ക്ക് (പിന്നീട് മൂന്നു വര്‍ഷം ചെന്നെയിലെ ചേട്ട്പെട്ടില്‍ താമസിച്ച് ഒരു മാഗസിനു വേണ്ടി പണിയെടുത്തു എന്നതു സത്യം തന്നെ!....)

സാമൂഹികബന്ധങ്ങളും, ജീവിതാനുഭവങ്ങളും ഒരു സാംസ്കാരിക സംഘടനയുമായുള്ള എന്‍‌റെ ബന്ധവും എന്നില്‍ വളരെയേറെ മാറ്റം വരുത്തി. പലരുടേയും പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് ഞാനും സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചും, അന്താഷ്ട്രപ്രശ്നങ്ങളേക്കുറിച്ചും, നട്ടിലെ വ്യവസ്ഥിതികളിലെ പോരായ്മകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു തുടങ്ങി.

(ഓര്‍മ്മകളിലെയ്ക്ക് വീണ്ടും പോകുന്നു തിരിച്ചുവരുന്നതു വരെ കാത്തിരുയ്ക്കൂ...)









Saturday, January 26, 2008

ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്





ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്
* 1 *
ആത്മസ്വരൂപം ഗ്രഹിച്ചീടുവാനായി
ആത്മതത്വമെന്തെന്നാരായണം
ഉള്ളിന്റെ ഉള്ളിലറിവായ് വിളങ്ങുന്ന
ആത്മസ്വത്വത്തെയറിഞ്ഞിടേണം
* 2 *
ആത്മബോധമുദിയ്ക്കുമ്പോള്‍
ഞാനെന്നഭാവം മുഴുവന്‍ നശിച്ചുപോകും
ഞാനെന്ന ഭാവം നശിയ്ക്കുമ്പോളാത്മാവ്
സര്‍വ്വ വ്യാപിത്വം പുല്‍കിടുന്നു
* 3 *
ആകാശത്തേക്കാളും സൂക്ഷ്മമാണാത്മാവ്
ആകാരമില്ലെന്നുമോര്‍ത്തിടേണം
ആകാശമെന്നത് എന്തെന്നു ചോദിച്ചാല്‍
ആകാശമെന്നൊരറിവുമാത്രം
* 4 *
ആകാശപ്രാണമനോമയ ലോകത്തി-
ന്നപ്പുറമാണല്ലോ ആത്മസ്വത്വം!
ആനന്ദഭാവമുണ്ടാകുന്നിടത്തിനെ
ആത്മസ്വരൂപമായ് ബോധിച്ചിടാം
* 5 *
ആത്മസ്വഭാവത്തെ നാമെല്ലാമെപ്പോഴും
ആനന്ദമായി കരുതീടേണം!
ആനന്ദമെന്തെന്ന് ചിന്തിച്ചു നോക്കിയാല്‍
അറിവല്ലാതൊന്നുമല്ലെന്നറിയാം
* 6 *
ആനന്ദമായ ഈ ആത്മസ്വഭാവത്തെ
അന്യയിടങ്ങളില്‍ തേടിടേണ്ടാ!
നാവില്‍ വിളങ്ങുന്ന സ്നേഹസ്വഭാവവും
കാരുണ്യഭാവത്തിന്‍ മൂര്‍ത്തിയത്
* 7 *
നിര്‍വ്വികാരം,പൂണ്ട നിരാമയഭാവം
നിര്‍മ്മലശുദ്ധമാം പ്രേമമത്രേ!
സര്‍വ്വചരാചര കാരണമായതും
എല്ലാറ്റിന്‍‌റേയുമിരിപ്പിടവും
* 8 *
ഏകരസനാണ് ഏകനാണാത്മാവ്
പൂര്‍ണ്ണസ്വഭാവചൈതന്യമാണ്!
അവ്യയനാണ് അദൃശ്യനാണാത്മാവ്
അതുല്യനാണാത്മാവനന്തനാണ്
* 9 *
അജ്ഞാതമാണ് അപ്രാപ്യമാണത്
ഉള്ളില്‍ അഹം വന്നു ചേര്‍ന്നീടുകില്‍
തന്നേക്കാള്‍ വലുതൊന്നുമില്ലെന്നു
ചൊല്ലുന്നവ്യക്തിയ്ക്കതൊട്ടുമേ ലഭ്യമല്ല!
****
തെറ്റുകളുണ്ടാകും
അറിവില്‍ കഴിവത്
എഴുതുന്നു
ശ്രീ