Saturday, January 26, 2008

ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്





ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്
* 1 *
ആത്മസ്വരൂപം ഗ്രഹിച്ചീടുവാനായി
ആത്മതത്വമെന്തെന്നാരായണം
ഉള്ളിന്റെ ഉള്ളിലറിവായ് വിളങ്ങുന്ന
ആത്മസ്വത്വത്തെയറിഞ്ഞിടേണം
* 2 *
ആത്മബോധമുദിയ്ക്കുമ്പോള്‍
ഞാനെന്നഭാവം മുഴുവന്‍ നശിച്ചുപോകും
ഞാനെന്ന ഭാവം നശിയ്ക്കുമ്പോളാത്മാവ്
സര്‍വ്വ വ്യാപിത്വം പുല്‍കിടുന്നു
* 3 *
ആകാശത്തേക്കാളും സൂക്ഷ്മമാണാത്മാവ്
ആകാരമില്ലെന്നുമോര്‍ത്തിടേണം
ആകാശമെന്നത് എന്തെന്നു ചോദിച്ചാല്‍
ആകാശമെന്നൊരറിവുമാത്രം
* 4 *
ആകാശപ്രാണമനോമയ ലോകത്തി-
ന്നപ്പുറമാണല്ലോ ആത്മസ്വത്വം!
ആനന്ദഭാവമുണ്ടാകുന്നിടത്തിനെ
ആത്മസ്വരൂപമായ് ബോധിച്ചിടാം
* 5 *
ആത്മസ്വഭാവത്തെ നാമെല്ലാമെപ്പോഴും
ആനന്ദമായി കരുതീടേണം!
ആനന്ദമെന്തെന്ന് ചിന്തിച്ചു നോക്കിയാല്‍
അറിവല്ലാതൊന്നുമല്ലെന്നറിയാം
* 6 *
ആനന്ദമായ ഈ ആത്മസ്വഭാവത്തെ
അന്യയിടങ്ങളില്‍ തേടിടേണ്ടാ!
നാവില്‍ വിളങ്ങുന്ന സ്നേഹസ്വഭാവവും
കാരുണ്യഭാവത്തിന്‍ മൂര്‍ത്തിയത്
* 7 *
നിര്‍വ്വികാരം,പൂണ്ട നിരാമയഭാവം
നിര്‍മ്മലശുദ്ധമാം പ്രേമമത്രേ!
സര്‍വ്വചരാചര കാരണമായതും
എല്ലാറ്റിന്‍‌റേയുമിരിപ്പിടവും
* 8 *
ഏകരസനാണ് ഏകനാണാത്മാവ്
പൂര്‍ണ്ണസ്വഭാവചൈതന്യമാണ്!
അവ്യയനാണ് അദൃശ്യനാണാത്മാവ്
അതുല്യനാണാത്മാവനന്തനാണ്
* 9 *
അജ്ഞാതമാണ് അപ്രാപ്യമാണത്
ഉള്ളില്‍ അഹം വന്നു ചേര്‍ന്നീടുകില്‍
തന്നേക്കാള്‍ വലുതൊന്നുമില്ലെന്നു
ചൊല്ലുന്നവ്യക്തിയ്ക്കതൊട്ടുമേ ലഭ്യമല്ല!
****
തെറ്റുകളുണ്ടാകും
അറിവില്‍ കഴിവത്
എഴുതുന്നു
ശ്രീ

No comments: